വിദേശ ഇന്ത്യക്കാർക്ക് സമഗ്ര പുനരധിവാസ പദ്ധതി വേണം- ബംഗളുരു എൻ.ആർ.ഐ മീറ്റ്

എ വി ഫർദിസ്

ബാംഗളുരു: വിദേശ നാടുകളിൽ നിന്ന് തിരിച്ചുവരുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാൻ സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ബാംഗ്ലൂരുവിൽ ചേർന്ന ഗ്ലോബൽ പ്രവാസി സംഗമം സർക്കാരിനോടാഭ്യർത്ഥിച്ചു.

ഗോവ ഗവർണ്ണർ പി. എസ് ശ്രീധരൻ പിള്ള മീറ്റ് ഉദ്ഘാടനം ചെയ്തു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാംഗളൂർ ഉൾസൂർ ലേക്കിന്‌ സമീപമുള്ള ലെമൺ ട്രീ പ്രീമിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രവാസികൾ നേരിടുന്ന സമകാലിക പ്രതിസന്ധികൾ ചർച്ച ചെയ്തു.           

രാജ്യ സഭ അംഗം ഡോ. സയ്യിദ് നസീർ ഹുസൈൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റിസ്വാൻ ഹർഷാദ് എംഎൽഎ, ആറ്റ കോയ പള്ളികണ്ടി, എം. വി കുഞ്ഞാമു, പ്രൊഫ. വർഗീസ് മാത്യു, റെജികുമാർ, ആതിഖ് അഹമ്മദ്‌, മജീദ് മുനവ്വർ, റീസ രഞ്ജിത്ത് (എൻ ആർ കെ ഡെവലപേഴ്സ്), ബൈരാത്തി സുരേഷ് എംഎൽഎ, കോയട്ടി മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.                  

പാലക്കാട്‌ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ചടങ്ങിൽ നിർവഹിച്ചു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.