ഹെലികോപ്റ്റർ അപകടം: സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

ചെന്നൈ: സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്‍റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യയും 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലാണ്. അതേസമയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അപകട സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരിൽ നിന്ന് ഉന്നതതല മെഡിക്കൽ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. 

പന്ത്രണ്ടരയോടെയാണ് സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്. 

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജന. ബിപിൻ റാവത്ത്

2. ശ്രീമതി മധുലിക റാവത്ത്

3. ബ്രിഗേഡിയർ LS ലിഡ്ഡർ

4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്

5. എൻ കെ ഗുർസേവക് സിംഗ്

6. എൻ കെ ജിതേന്ദ്രകുമാർ

7. ലാൻസ് നായ്ക് വിവേക് കുമാർ

8. ലാൻസ് നായ്ക് ബി സായ് തേജ

9. ഹവിൽദാർ സത്പാൽ