ഇടുക്കി ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഭക്ഷ്യമന്ത്രിയുടെ അദാലത്ത് 10ന്

ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ 2022 ജനുവരി 10 രാവിലെ 11 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലയിലെ താത്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് നടത്തും. ചടങ്ങില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സജിത് ബാബു പങ്കെടുക്കും.

കോവിഡ്: ധനസഹായം 2.5 കോടി രൂപ അനുവദിച്ചു

കോവിഡ് -19 ബാധിച്ച് ഇതുവരെ ജില്ലയില്‍ ആകെ 947 പേര്‍ മരണമടഞ്ഞതായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ അനന്തരാവകാശികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് 479 പേര്‍ അപേക്ഷ നല്‍കുകയും ഇതില്‍ 410 പേര്‍ക്ക് 50,000 രൂപ വീതം 2 കോടി 5 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തു. ഇനിയും ധനസഹായത്തിന് അപേക്ഷ നല്‍കാത്തവര്‍ relief.kerala.gov.in എന്ന വെബ്‌സൈറ്റിലോ വില്ലേജ് ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.

ബാംബു ക്രാഫ്റ്റ് സ്‌കില്‍ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് കം സെറ്റില്‍മെന്റ് പ്രോഗ്രാം

ഇടുക്കി ജില്ലയിലെ പട്ടികജാതിക്കാരായ കരകൗശല നിര്‍മ്മാണത്തില്‍ തല്‍പരരായ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുള ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ പരിശീലനം നല്കി തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള യൂണിറ്റ് രൂപീകരിച്ച് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്.സി.എ ടു എസ്.സി.എസ്.പി പ്രകാരം നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പട്ടികജാതി വികസന ഓഫീസറുടേയും ബാംബു കോര്‍പ്പറേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.  

25 ദിവസത്തെ പരിശീലനത്തിന് ശേഷം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള തൊഴില്‍ ഉപകരണങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കി തൊഴില്‍ ഉറപ്പാക്കുന്നതാണ്. അപേക്ഷകര്‍ 18 വയസിനു മുകളില്‍ പ്രായം ഉള്ളവരായിരിക്കണം.

അപേക്ഷകള്‍ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ 2022 ജനുവരി 31 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 296297, 8547630073.