ജെഡിഎസ്സിനെ മുന്നണിയിൽ നിന്ന് പുറത്താക്കണം- സോഷ്യലിസ്റ്റ് പാർട്ടി

കണ്ണൂർ: ഇടതു മുന്നണിയുടെ ബിജെപി വിരോധംആത്മാർത്ഥതയുള്ളതാണെങ്കിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ ജെ.ഡി.എസ്സിനെ മുന്നണിയിൽ നിന്നു പുറത്താക്കണമെന്ന് സോഷ്യലിസ്റ് പാർട്ടി ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യസഭാ തെരെഞ്ഞെടുപ്പിലും കർണാടക നിയമസഭ കൗൺസിൽ തെരെഞ്ഞടുപ്പിലും എല്ലാം ബിജെപിയെ സഹായിച്ച ജെഡിഎസ്സിനെ ഇടതു മുന്നണിയിൽ നിലനിർത്തുന്നത് സംശയം ജനിപ്പിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നു അന്വേഷണത്തെ നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.

പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ. ശ്രീനിവാസൻ, ടോമി മാത്യു, മനോജ് ടി സാരംഗ്, കെ. ശശികുമാർ, എൻ റാം, സി.പി. ജോൺ, കാട്ടുകുളം ബഷീർ, കെ.എസ്. സജിത്ത്, അഡ്വ. ജിജോ ജെയിംസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.