കടലുണ്ടിയിലെ സി.ഡി.എസ് നാനോമാർക്കറ്റ് പൊതുജനങ്ങളിലേക്ക്

കടലുണ്ടി: കടലുണ്ടിയിൽ കുടുംബശ്രീ സി.ഡി.എസിന്റെ നാനോ മാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനു കീഴിലുള്ള സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ വിപണനവും ഇതിലൂടെ ലക്ഷ്യമിടുന്നു.

നിലവിൽ നാൽപ്പത്തഞ്ചോളം യൂണിറ്റുകളുള്ളതിൽ ആറു യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് മാർക്കറ്റിൽ ഇറക്കിയത്. ജില്ലാ മിഷന്റെ ഫണ്ടുപയോഗിച്ചു സ്ഥാപിക്കുന്ന ഷെൽഫുകൾ ജനകീയ ഹോട്ടലുകളിലും സൂപ്പർമാർക്കറ്റുകളിലും സ്ഥാപിക്കും. വിലയുടെ ഇരുപത് ശതമാനം ഷെൽഫുകൾ സ്ഥാപിക്കുന്ന സ്ഥാപങ്ങൾക്കാണ് ലഭിക്കുക. പലഹാരങ്ങൾ, അച്ചാറുകൾ, വിവിധതരം മസാലകൾ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ നാനോ മാർക്കറ്റിൽ ലഭ്യമാക്കും.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രവീണ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പച്ചാട്ട്, എം.ഇ.സി ഷീബ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജിനു തുടങ്ങിയവർ പങ്കെടുത്തു.