രക്തദാനം: ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: രക്തം ദാനം നല്‍കി ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ ആളുകള്‍ സന്നദ്ധരാവണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു വ്യക്തി മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട കാര്യം രക്തദാനമാണ്. അറിവില്ലായ്മ കാരണമാണ് പലപ്പോഴും ആളുകള്‍ രക്തം ദാനം നല്‍കാന്‍ വിമുഖത കാണിക്കുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

രക്തബാങ്കിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് എം സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ ടി ബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ടി.സി. അനുരാധ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.ശ്രീ ബിജു, ഡോ കെ. അഫ്‌സല്‍, ഡോ.മോഹന്‍ദാസ്, നളിന്‍, എ.കെ.ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.