കോഴിക്കോട് ജില്ലയിലെ ഇന്നത്തെ അറിയിപ്പുകൾ

നാഷണല്‍ സാമ്പിള്‍ സര്‍വേ 79-മത് റൗണ്ട് നാളെ മുതല്‍

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന 79ാമത് റൗണ്ട് സാമ്പിള്‍ സര്‍വേ നാളെ തുടങ്ങും. ആയുഷ് ഉപയോഗവും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍, ആശുപത്രി വാസത്തിനു ചിലവഴിച്ച തുക ഉള്‍പ്പെടെയുള്ള ആരോഗ്യ വിവരങ്ങള്‍, വിദ്യാഭ്യാസ സംബന്ധിയായ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട സാമൂഹിക സാമ്പത്തിക സര്‍വേയാണിത്.

വാര്‍ഷിക വിഹിതം അടക്കണം

കോഴിക്കോട് ഉള്‍നാടന്‍ ഫിഷറീസ് ഓഫീസറുടെ പരിധിയില്‍ വരുന്ന മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളികള്‍ വാര്‍ഷിക വിഹിതം  അടയ്ക്കണം. ജൂലൈ നാല്, ആറ് തീയ്യതികളില്‍ കോഴിക്കോട് വെസ്റ്റ്ഹിലിലെ ഫിഷറീസ് കോംപ്ലക്‌സില്‍ നടക്കുന്ന ക്യാമ്പില്‍ ഹാജരായാണ് വിഹിതം അടയ്ക്കേണ്ടതെന്ന് ഫീഷറീസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9797715583.

സൗജന്യ ഡിജിറ്റല്‍ വിദ്യാഭ്യാസ പരിശീലന ക്ലാസ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സൗജന്യ ഡിജിറ്റല്‍ വിദ്യാഭ്യാസ പരിശീലന ക്ലാസ് നടത്തുന്നു. ജൂലൈ മൂന്നിന് രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജിലാണ് ക്ലാസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവിരങ്ങൾക്ക്: 0495- 2383210, 2383220

വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും  ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവരും കാവ്, കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയവരുമായ കോഴിക്കോട് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍, തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 15 ന് വൈകീട്ട് അഞ്ചിനകം അവാര്‍ഡിനുളള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2416900.

കാവുകള്‍ക്ക് ധനസഹായം

കാവുസംരക്ഷണത്തിനായി ഉടമസ്ഥര്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിസ്തൃതിയുള്ള കാവുകള്‍ക്കാണ് (കോട്ട) മുന്‍ഗണന ലഭിക്കുക. കാവുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷാ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ Public interface/forms എന്ന പേജിലും, മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് ക്ണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 15ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2416900.

സൗജന്യ പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ പ്രവേശന പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 24.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2383780.

ടെൻഡര്‍ ക്ഷണിച്ചു

തലക്കുളത്തൂര്‍ സി.എച്ച്.സി.യിലേക്ക് ലാബ് റീ ഏജന്റ്‌സ് സാധനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 13 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495- 2853005. ‌

ഇന്റര്‍വ്യൂ നാലിന്

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂലൈ നാലിന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടക്കും. യോഗ്യത: എന്‍.ടി.സി/ എന്‍.എ.സി ബന്ധപ്പെട്ട വ്യാപാരത്തില്‍ മൂന്ന് വര്‍ഷ പരിചയം/ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ ഇലക്ട്രോണിക്സില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവർ യോഗ്യത, ജനന തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍- 0495- 2377016.

വാക്-ഇന്‍ -ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു കാഷ്വല്‍ ലേബര്‍ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂലൈ ആറിന്  രാവിലെ 10 മണിക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് അഭിമുഖം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യാഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ജില്ലാ സി.ഡബ്ല്യൂ.സി അംഗങ്ങള്‍ ചുമതലയേറ്റു

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കാലാവധി പൂര്‍ത്തിയായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുനഃസംഘടിപ്പിച്ചു. അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെട്ട ജില്ലയിലെ സി.ഡബ്ല്യൂ.സി ഭാരവാഹികളായി അഡ്വ. പി. അബ്ദുള്‍ നാസര്‍ (ചെയര്‍മാന്‍), പി. പാര്‍വതി ഭായി, അഡ്വ. സി.കെ. സീനത്ത്, വി.ടി. സുരേഷ്, ഡി. ഉഷാദേവി എന്നിവര്‍ ചുമതലയേറ്റു.

യു.പി സ്‌കൂള്‍ ടീച്ചര്‍: നാലാംഘട്ട അഭിമുഖം ആറിന്

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 12 പേര്‍ക്കായുള്ള നാലാംഘട്ട അഭിമുഖം ജൂലൈ ആറിന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗണ്‍ലോഡ്  ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍  അപ്‌ലോഡ്  ചെയ്യണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495- 237197.