ആർ.എൻ. സാബുവിന്റെ സംഭാവന വിസ്മരിക്കാനാകില്ല- എം.കെ. രാഘവൻ എംപി

കോഴിക്കോട്: ഗ്രാസിം മാനേജരായിരുന്ന ആർ.എൻ. സാബുവും കുടുംബവും മലബാറിലും പ്രത്യേകിച്ച് കേരളത്തിനും നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയില്ലന്ന് എം.കെ. രാഘവൻ എം പി പറഞ്ഞു. 19-മത് സാവിത്രി ദേവി സാബു ജൂനിയർ സ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് സെന്റ് ജോസഫ് ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

18 വർഷക്കാലം മുടക്കമില്ലാതെ ഈ ഗെയിം മുന്നോട്ട് കൊണ്ട്  പോകാൻ കഴിഞ്ഞത് ആ കുടുംബത്തിന്റെ സാമൂഹ്യ പ്രതിബന്ധതയാണ് വ്യക്തമാക്കുന്നതെന്നും എംപി പറഞ്ഞു.

ബാഡ്മിന്റൺ അസോസിയേഷൻ  ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു, കേരള ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ആർ. രാകേഷ് ശേഖർ മുഖ്യാതിഥിയായി. സാവിത്രി ദേവി സാബു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അലോക് കുമാർ സാബു,  ജനറൽ കൺവീനർ പി.എം. മുസമ്മിൽ, മുൻ സംസ്ഥാന പ്രസിഡന്റ് എ. വത്സലൻ, ജോയിന്റ് സെക്രട്ടറി എ.വി. ബിനോയ് എന്നിവർ സംസാരിച്ചു. 

ആദ്യ ദിവസം നടന്ന സിഗിംൾസ്  അണ്ടർ-17 മത്സരത്തിൽ 70 ആൺകുട്ടികളും 7 പെൺകുട്ടികളും അണ്ടർ-19 മത്സരത്തിൽ 44 ആൺകുട്ടികളും 15 പെൺകുട്ടികളും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.

വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. 

രാവിലെ 9 മുതൽ രാത്രി 10 മണി വരെ 5 കോർട്ടുകളിലായി മത്സരം ക്രമീകരിച്ചിരിക്കുന്നു. കേരള സ്റ്റേറ്റ്    ബാറ്റ്മിന്റൺ അസോസിയേഷൻ അംഗീകരിച്ച ഒഫീഷ്യൽസാണ് മത്സരം നിയന്ത്രിക്കുന്നത്. മത്സരം ജൂലായ് 5ന് സമാപിക്കും.

ചിത്രം:19-മത് സാവിത്രി ദേവി സാബു ജൂനിയർ സ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്യുന്നു.