സിൽവർ ലൈൻ കല്ലിടൽ നിർത്തിവെച്ചത് കേരളത്തിലെ ജനങ്ങളുടെ വിജയം- വി. മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത് കേരളത്തിലെ ജനങ്ങളുടെ വലിയ വിജയം ആണ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി വിജയന് തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകില്ല എന്ന വ്യക്തമായതും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വൻ തിരിച്ചടി നേരിടുമെന്ന് ബോധ്യമായതിനാലാണ് തിടുക്കത്തിൽ തീരുമാനമെടുത്തതെന്നും മുരളീധരൻ പറഞ്ഞു.

ഇത്രയും നാൾ പൗര പ്രമുഖരെ മാത്രം കണ്ട് അവരുമായി ആശയവിനിമയം നടത്തിയിരുന്ന മുഖ്യമന്ത്രി, വോട്ടുതേടി ജനങ്ങളുടെ ഇടയിൽ നേരിട്ട് ഇറങ്ങിയപ്പോളാണ് ജനങ്ങളുടെ എതിർപ്പിന്റെ ആധിക്യം മനസിലായത്.

എന്നാൽ സർക്കാരിൻ്റെ കീഴടങ്ങൽ കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും സിൽവർ ലൈൻ സമരത്തിൽ പോലീസിന്റെയും സിപിഎം ഗുണ്ടകളുടെയും മർദ്ദനത്തിൽ പരിക്കേറ്റ മുഴുവനാളുകൾക്കും നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ആളുകൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം.

പദ്ധതി ഉപേക്ഷിക്കുന്നതുവരെ ജനങ്ങളുടെ കൂടെ ബിജെപി അണിനിരക്കും.

അധികം വൈകാതെ ഈ പദ്ധതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കുന്നതിനും കേരളം സാക്ഷ്യം വഹിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.