യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പെന്ന്; ലോഗോയും ലെറ്റർപാഡും ഉപയോഗിച്ചാണ് തട്ടിപ്പ്

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം അയക്കുന്നത്. സാധാരണക്കാര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള തരത്തില്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലെറ്റര്‍പാഡിലാണ് മേല്‍പ്പറഞ്ഞ മെസേജ് അയക്കുന്നത്. ബാങ്ക് മാനേജറുടെ പേരും ഒപ്പും ഈ സന്ദേശത്തില്‍ അടങ്ങിയിട്ടുണ്ട്.

ബാങ്കിന്റെ ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്താണ് സംഘം ആളുകള്‍ക്ക് സന്ദേശം അയക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ബാങ്കുമായി ബന്ധപ്പെട്ട എ.ടി.എം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്കാര്‍ഡ് എന്നിവ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എല്ലാ വിശദാംശങ്ങളും പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് സ്ഥിരമായി തടയുമെന്നും വാട്‌സപ്പില്‍ സന്ദേശം അയക്കുകയാണ് സംഘം. ഇതൊഴിവാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന നിര്‍ദേശത്തിലാണ് സന്ദേശം അവസാനിക്കുന്നത്.

ബാങ്കുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെയോ മറ്റോ ആര്‍ക്കും നല്‍കരുതെന്ന് പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ നിരന്തരം ജനങ്ങളെ ബോധവല്‍ക്കരിച്ചിട്ടുണ്ട്.

മുന്‍പും ഇത്തരത്തില്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ശ്രദ്ധയില്‍പ്പെടാത്ത ചിലരെയെങ്കിലും വലയില്‍ കുടുക്കാം എന്ന താല്‍പര്യത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇത് തെറ്റായ സന്ദേശമാണെന്നും തട്ടിപ്പ് സംഘമാണെന്നും മനസ്സിലാക്കാതെ തിരിച്ച് ബന്ധപ്പെടുന്നവരോട് അവരുടെ ബാങ്കിന്റെ സ്വകാര്യമായ വിവരങ്ങള്‍ കൈക്കിലാക്കി പണം തട്ടലാണ് സംഘത്തിന്റെ പതിവ്.