വനമഹോത്സവം-2022; ജില്ലാതല പരിപാടികള്‍ക്ക് തുടക്കം

കോഴിക്കോട്: സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴ് വരെ നടക്കുന്ന വനമഹോത്സവം 2022 ന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ചക്കിരിക്കാട് തൊപ്പിക്കാരന്‍ തൊടി ഭാഗത്തെ അര ഏക്കറോളം സ്ഥലത്ത് ഫലവൃക്ഷ ഉദ്യാനം നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെയും വനമഹോത്സവത്തിന്റെയും ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ടാണ് മേയർ നിർവ്വഹിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ 52ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ. ഷമീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് സാമൂഹ്യ വനവത്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. ജോഷില്‍ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം വിവിധ സംഘടനകളടെയും ജനപ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ വിവിധ പരിപാടികളാണ് നടത്തുന്നത്.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, വെള്ളയില്‍ ഹാര്‍ബര്‍, വടകര എൻജിനീയറിംഗ് കോളേജ്, വടകര ബി.എസ്.എഫ് കേന്ദ്രം, മേപ്പയ്യൂര്‍ സലഫി കോളേജ്, പയ്യോളി ജി.വി.എച്ച്.എസ്.എസ്, മണിയൂര്‍ എൻജിനീയറിംഗ് കോളേജ്, മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ്, വടകര കോ- ഓപ്പറേറ്റീവ് കോളേജ്, കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.